02:28am 24 May 2026
NEWS
കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും പൂട്ടിച്ചു
23/05/2026  07:09 PM IST
NILA
കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റും പൂട്ടിച്ചു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഔദ്യോഗിക വെബ്‌സൈറ്റും പൂട്ടിച്ചെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. തന്റെ വ്യക്തിഗത ഇൻസ്റ്റഗ്രാം അക്കൗണ്ടും പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജും ഹാക്ക് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, സിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടതായും ബാക്കപ്പ് ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തതായും ദീപ്കെ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ സിജെപിക്കെതിരെ തുടർച്ചയായി നടപടികൾ സ്വീകരിക്കപ്പെടുകയാണെന്ന് ആരോപിച്ചാണ് അഭിജീത് രംഗത്തെത്തിയത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ആരംഭിച്ച ഡിജിറ്റൽ പ്രചാരണത്തിന് ആറു മണിക്കൂറിനുള്ളിൽ നാലര ലക്ഷത്തിലധികം പേരുടെ പിന്തുണ ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. സിജെപിയുടെ ഇൻസ്റ്റഗ്രാം പേജിന് 2.1 കോടിയിലധികം ഫോളോവേഴ്സുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സർക്കാർ സിജെപിയെ ഇത്രയും ഭയപ്പെടുന്നതെന്തിനാണ്?” എന്ന ചോദ്യമുയർത്തിയാണ് അഭിജീത് എക്സിൽ പ്രതികരിച്ചത്. ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയോ പേജുകൾ വിലക്കുകയോ ചെയ്താലും തങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ ഭാവിക്കായി ശബ്ദമുയർത്തുന്നതാണ് തങ്ങളുടെ ‘കുറ്റം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് ചീഫ് ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ നിന്നാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആശയം രൂപംകൊണ്ടത്. നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളെയും പൊതുനയങ്ങളെയും പരിഹസിക്കുന്ന ട്രോൾ-രാഷ്ട്രീയ പ്ലാറ്റ്ഫോമായാണ് ഇത് ആദ്യം ശ്രദ്ധ നേടിയത്.

പുണെ സ്വദേശിയായ അഭിജീത് ദീപ്കെയാണ് സിജെപിയുടെ പിന്നിലെ പ്രധാന മുഖം. മുമ്പ് രാഷ്ട്രീയ പാർട്ടികളുടെ സമൂഹമാധ്യമ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണ് താമസം. ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ പഠനം പൂർത്തിയാക്കിയ അഭിജീത് നിലവിൽ തൊഴിൽ അന്വേഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img